Thursday, December 17, 2015

ജയകാന്തന്റെ രണ്ടു നോവലറ്റുകള്‍

                   
1980 ല്‍ സി.എ.ബാലന്‍ മൊഴിമാറ്റിയതാണ്  "ബ്രഹ്മോപദേശം", "അഗ്നിപ്രവേശം" എന്ന രണ്ടു നോവലറ്റുകള്‍.

ഈ പുസ്തകം എന്നെ സംബന്ധിച്ച് മറ്റു ചില പ്രാധാന്യങ്ങള്‍ കൂടി ഉള്ളതത്രേ. ഇത് പൊതിഞ്ഞിരിക്കുന്നത് പഴയകാലത്ത് സ്ഥിരം വരുമായിരുന്ന സോവിയറ്റ് നാട് മാസികയുടെ, ഇപ്പോഴും ലവലേശം നിറം മങ്ങിയിട്ടില്ലാത്ത കട്ടിക്കടലാസിട്ടാണ്. അതും കാളിദാസന്റെ മാളവികാഗ്നിമിത്രം മോസ്‌കോ അരങ്ങില്‍ ആടിയതിന്റെ നിറമുള്ള ചിത്രങ്ങള്‍. ചുക്കും ഗെക്കും അടക്കമുള്ള കുട്ടിക്കഥകളും സോവിയറ്റ് ലാന്‍ഡും സോവിയറ്റ് നാടും റഷ്യന്‍ കള്‍ച്ചറല്‍ സെന്ററും മറ്റും മറ്റും മറക്കുവതെങ്ങനെ? കാലം പലതും മായ്ക്കുംപോലെ മധുരസ്മരണകള്‍ ബാക്കിയാക്കി ഇതും മാഞ്ഞുപോയി. അടുത്തത് ഒരു സാദൃശ്യമാണ്, ബ്രഹ്മോപദേശത്തിലെ ഒരു പ്രധാനകഥാപാത്രത്തിന്റെ പേര് മൈത്രേയി, അതെ ഞാന്‍ സ്വയം മാമോദീസ മുങ്ങി ബ്ലോഗ്കാലത്ത് എനിക്കിട്ട പേര്!

ഇനി മൂന്നാമത്തെ കാര്യം, ഇത് തര്‍ജ്ജമ ചെയ്ത സി.എ.ബാലന്‍ തന്റെ 'തൂക്കുമരത്തിന്റെ നിഴലില്‍' എന്ന ജീവിതസ്മരണ പുസ്തകത്തില്‍ എഴുതി ഒപ്പിട്ട കോപ്പി വീട്ടിലുണ്ടായിരുന്നു. Light and shade behind the bars എന്നോ മറ്റോ സ്വന്തം കൈപ്പടയില്‍ എഴുതി അച്ഛന് സ്‌നേഹപൂര്‍വ്വം സമ്മാനിച്ചതായിരുന്നു അത്. ഇപ്പോള്‍ അത് എവിടെയാണോ ആവോ?.  

ഇനി കാര്യത്തിലേക്കു കടക്കാം. ജയകാന്തന്റെ കഥകള്‍ എനിക്കു വലിയ ഇഷ്ടമാണ്. ലാളിത്യമാര്‍ന്നതാണ് ആ കഥാഖ്യാനശൈലി. ഏതോ വാരികയില്‍ പണ്ടെന്നോ വായിച്ച ഒരു കഥ, പേര് ഓര്‍മ്മിക്കുന്നില്ല, ഇപ്പോഴും കുറേ ഓര്‍മ്മയുണ്ട്. വിവാഹിതരായ പെണ്‍മക്കള്‍ എന്തോ ഒരു വിശേഷത്തിന് തിരികെ വീട്ടില്‍ ഒത്തുകൂടുന്നതും കണക്കുപറച്ചിലും പരാതികളും പരിദേവനങ്ങളുമായി അച്ഛനമ്മമാരുടെ സ്വൈര്യം കെടുത്തുന്നതും ഇവര്‍ എങ്ങിനെയെങ്കിലും സ്വന്തം വീട്ടില്‍ നിന്ന് ഒന്നു തിരിച്ചുപോയെങ്കില്‍ എന്ന് അവരുടെ ഗതികെട്ട പിതാവ് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതും മറ്റുമായിരുന്നു അത്. കഥ കൃത്യമായി ഓര്‍മ്മയില്ലെങ്കിലും ആ പെണ്‍മക്കള്‍  ഒത്തുകൂടി തങ്ങളുടെ വീട് വിയറ്റ്‌നാംവീടാക്കി മാറ്റുന്നതും മറ്റും മനസ്സില്‍ അവശേഷിപ്പിച്ച വികാരം ഇപ്പോഴും ഉണ്ട്. അല്ലെങ്കിലും ജീവിതത്തിലും പലപ്പോഴും അങ്ങനെയാണല്ലോ, ഒരു സംഭവം നടന്നാല്‍ കാലം കഴിയുമ്പോള്‍ സംഭവം നമ്മള്‍ മറന്നു പോയെന്നിരിക്കും പക്ഷേ അത് നമ്മില്‍ അവശേഷിപ്പിച്ച വികാരം, ചിലപ്പോള് ആഘാതം നമ്മള്‍ക്കു മറക്കാന്‍ കഴിയില്ല.

വെറും 83 പേജേ ഉള്ളു രണ്ടു നോവലറ്റുകളും കൂടി.ശ്ശടോന്ന് വായിച്ചുതീര്‍ക്കാം എന്ന് അര്‍ത്ഥം. ബ്രഹ്മോപദേശം ആണ് മുഖ്യഭാഗവും. ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും അവരുടെ ചെയ്തികളും നമ്മുടെ മനസ്സില്‍ തട്ടും. അത്ര തന്മയത്വമാര്‍ന്നതാണ്, സ്വാഭാവികമാണ് കഥാപാത്രസൃഷ്ടിയും അവതരണവും.

ബ്രഹ്മോപദേശം

ശങ്കരശര്‍മ്മയ്ക്ക് ബ്രാഹ്മണ്യം തപസ്യയാണ്, സാധനയാണ്. വിഐപികള്‍ക്ക് വേണ്ടി മാത്രം വിശേഷാവസരങ്ങളില്‍ സദ്യ ഒരുക്കിക്കൊടുക്കലാണ് ജീവിതസന്ധാരണത്തിനുള്ള മാര്‍ഗ്ഗം. അതിരുചികരമെന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍ ശര്‍മ്മ ഉള്ളാലെ ചിരിക്കും, അതൊന്നും ആ ശുദ്ധബ്രാഹ്മണന്‍ രുചിച്ചു നോക്കുക കൂടിയില്ല!. ആചാരോപചാരപ്രകാരം മാത്രം ഏകമകള്‍ മൈത്രേയി ഉണ്ടാക്കുന്ന ഭക്ഷണമേ ശര്‍മ്മ കഴിക്കൂ. 2 വയസ്സില്‍ അമ്മ മരിച്ച മകള്‍ക്ക് ഇപ്പോള്‍ വയസ്സ് 19 ആയെങ്കിലും ജന്മം കൊണ്ടല്ലാതെ ജീവിതരീതികൊണ്ട് ബ്രാഹ്മണ്യം പാലിക്കുന്ന ഉത്തമ ബ്രാഹ്മണനെ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് വിവാഹം നടത്തിയിട്ടില്ല. അതിന് അദ്ദേഹം മനുവിനെ കൂട്ടുപിടിക്കുന്നതിങ്ങനെ.

' 'പുഷ്പിണിയാകുന്നതിനു മുമ്പു തന്നെ അനുരൂപനായൊരു വരനെ തേടിപ്പിടിച്ച് വിവാഹം നടത്താത്തൊരു പിതാവ് പിതാവ് നിന്ദ്യനാണെന്നു' മനു പറഞ്ഞിട്ടുണ്ട്. അനുരൂപനായ വരനെന്നാണു പറഞ്ഞിരിക്കുന്നത്....അവന്‍ ഉഞ്ഛവൃത്തിയെടുക്കുന്നവനായാലും വേണ്ടില്ല, ബ്രഹ്മജ്ഞാനവും വേദവിശ്വാസവുംകൊണ്ട് ലോകത്തെ പരിപാലിക്കുന്നവനാകണം.' ഇതാണ് ശങ്കരശര്‍മ്മ! മൈത്രേയിയുടെ ശ്വാസം മുട്ടിക്കുന്ന ജീവിതം വായിക്കുമ്പോള്‍ ഹോ ഈ ബ്രാഹ്മണന് ഇനി  എന്ന് ബുദ്ധിതെളിയും എന്ന് ഞാനും വല്ലാതെ ആശങ്കപ്പെട്ടു. അത്രയക്കും നമ്മെ ആ ജീവിതങ്ങളുമായി അലിയിച്ചു ചേര്‍ക്കുന്നണ്ട് ജയകാന്തന്റേയും ഒട്ടും കല്ലുകടി തോന്നാത്ത മൊഴിമാറ്റത്തിന്റെയും ലളിതശൈലിയും ഭാഷയും.

തന്റെ പാചകശാലയില്‍ ജോലിക്കു വന്ന കമ്യൂണിസ്റ്റും നാസ്തികനുമായ ശേഷാദ്രി എന്ന ബ്രാഹ്മണചെറുപ്പക്കാരന്‍ 'ഏതൊരു ബ്രാഹ്മണനും പുഷ്പിണിയായ മകളെ മൂന്നു സംവത്സരത്തിനകം വിവാഹംചെയത് കൊടുക്കാതിരുന്നാല്‍ ആ പെണ്ണിന് ഇഷ്ടമുള്ള പുരുഷനെ സ്വയം തേടിപ്പോകാം ' എന്ന് മനുവചനം ഉദ്ധരിച്ച് ശങ്കരശര്‍മ്മക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കുന്നു. മകള്‍ ശേഷാദ്രിക്കൊപ്പം പോയപ്പോള്‍ ആ ശുദ്ധബ്രാഹ്മണന്‍ തകര്‍ന്നുവെങ്കിലും പെട്ടന്നുതന്നെ സമനില വീണ്ടെടുത്തു, മകളുടെ കല്യാണമുഹൂര്‍ത്തത്തില്‍ തന്നെ ബ്രാഹ്മണനല്ലെങ്കിലും ബ്രാഹ്മണ്യം അനുഷ്ഠിക്കുന്ന ഓതുവര്‍ വിഭാഗക്കാരനായ സദാനന്ദ ഓതുവര്‍ എന്ന ചെറുപ്പക്കാരനെ ആചാരാനുഷ്ഠാനങ്ങള്‍നടത്തി ബ്രാഹ്മണനാക്കി മാറ്റി സ്വപുത്രനാക്കുന്നു! വസിഷ്ഠനില്‍ നിന്ന് ' ബ്രഹ്മര്‍ഷി 'പദം കരസ്ഥമാക്കിയ വിശ്വാമിത്രനും കണ്വമഹര്‍ഷിയുമൊന്നും ജന്മംകൊണ്ട് ബ്രാഹ്മണരല്ല എന്നും അവരെല്ലാം ബ്രഹ്മജ്ഞാനം നേടി ബ്രാഹ്മണധര്‍മ്മങ്ങളനുഷ്ഠിച്ച് ബ്രാഹ്മണരായവരാണെന്നും അതിനു ന്യായവും കണ്ടെത്തുന്നു.

ശര്‍മ്മ, മകള്‍ മൈത്രേയി, പ്രിയചങ്ങാതി ഗുണ്ടുരായര്‍, ഭാര്യ ഗംഗാഭായി, ശേഷാദ്രി, സദാനന്ദന്‍ ഇവരോടെല്ലാം നമുക്ക് സ്‌നേഹം തോന്നും.  'ഇവരൊക്കെ എന്തുതരം ബ്രാഹ്മണരാണ്! പേര്‍മാത്രം. ബ്രാഹ്മണ്യവും ബ്രഹ്മതേജസ്സും കാണുന്നില്ലല്ലോ' എന്ന് ശര്‍മ്മ ഏറ്റവമധികം വെറുത്തതും സ്വജാതീയരെയാണ്.  ' പക്ഷേ എന്നിട്ടും ആ സമുദായത്തോടൊന്നിച്ചു തന്നെ ജീവിക്കേണ്ടിയും വന്നു. ഇങ്ങനെ സ്വയം കെട്ടിത്തീര്‍ത്ത ബ്രാഹ്മണ്യം എന്ന കൂടിനുള്ളില്‍ കറങ്ങുന്ന ശര്‍മ്മയോടും പക്ഷേ ലവലേശം ദേഷ്യം തോന്നില്ല. എന്നു മാത്രമല്ല, ഇതൊക്കെയാണല്ലോ ജീവിതം എന്ന് തോന്നുകയും ചെയ്യും.

അഗ്നിപ്രവേശം
 
ശര്‍മ്മയുടേയും മൈത്രേയിയുടേയും വീട്ടില്‍ നിന്ന് ഇറങ്ങി നടന്നെത്തിയത് ഒരു പാവം കോളേജുകുമാരിയുടെ അടുത്താണ്. ഇക്കഥയില്‍ കഥാപാത്രങ്ങള്‍ക്കു പേരില്ല, അവള്‍, അയാള്‍, അവളുടെ അമ്മ, അമ്മായി ഇത്ര പേരേയുള്ളു. അമ്മായി ഒന്നു മിന്നിമായുന്ന വെറും ഗസ്റ്റ് ആര്‍ട്ടിസ്റ്റ് മാത്രവും. അവിചാരിതമായി അപരിചിതനാല്‍ മുറിവേറ്റ പെണ്‍കുട്ടിയെ വിസ്തരിച്ച് ചീവയ്ക്കാപ്പൊടി തേപ്പിച്ച് കുളിപ്പിച്ച് വിധവയായ അമ്മ 'നീ ഇപ്പോള്‍ പരിശുദ്ധയായിരിക്കുന്നു മകളേ' എന്നു ധൈര്യം കൊടുത്ത് ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരുന്നതാണ് കഥ.

'ചില നേരങ്ങളില്‍ ചില മനിതര്‍കള്‍' എന്ന പ്രശസ്ത തമിഴ് സിനിമ ഇത് ആസ്പദമാക്കിയിട്ടുള്ളതാണ്. കഥ വളരെയധികം കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നു മാത്രം. ആ സിനിമയുടെ പേരിന്റെ അര്‍ത്ഥം ഏറെക്കാലം എനിക്ക മനസ്സിലായിരുന്നില്ല. പിന്നെ എപ്പോഴോ വെളിപാടു പോലെ മനസ്സിലായി. അന്നുമുതല്‍ ഇന്നുവരെ അത് എന്റെ പ്രിയപ്പെട്ട പ്രയോഗമാണ്. പലപ്പോഴും ശ്ശോ ഇവര്‍ എന്താ ഇപ്പോള്‍ ഇങ്ങനെ എന്ന് അന്തം വിടുന്ന സമയങ്ങളിലെല്ലാം ഞാന്‍ എന്നോടു തന്നെ പറയും, ചില നേരങ്ങളില്‍ ചില മനിതര്‍കള്‍, എന്ന്. അങ്ങിനെ പറയേണ്ടി വരുന്ന ചിന്തിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ വളരെയധികം ഉണ്ടാകുന്നുണ്ട് താനും. 

ആ സിനിമയും കണ്ടതാണ്. ലഷ്മിയാണ് നായിക. പുസ്തകം വായിക്കുമ്പോള്‍ വര്‍ണ്ണനകള്‍ വായിക്കുമ്പോള്‍ എല്ലാം ലഷ്മിയെ ആണ് ഞാന്‍ മനസ്സില്‍ കണ്ടത്. അതിലെ ഒരു രംഗവും ഇപ്പോഴും മായാതെ നില്‍ക്കുന്നുണ്ട്. അബദ്ധംപറ്റിയ മകള്‍ പിന്നെ കരുതലോടെ ജീവിച്ചു, പഠിച്ചു മിടുക്കിയായി ഉദ്യോഗസ്ഥയുമായി. ഒരു നാള്‍ അമ്മയും മകളുമായി വഴക്കു കൂടിയപ്പോള്‍ അപ്പോഴത്തെ ദേഷ്യത്തിന് നിങ്ങള്‍ വിധവ ആയിട്ടും തല മുണ്ഡനം ചെയ്യാത്തതെന്താ എന്നോ മറ്റോ മറുചോദ്യം ചോദിക്കുന്നു. വൈകുന്നേരം ഓഫീസില്‍ നിന്നു മടങ്ങിയെത്തിയ മകള്‍ തല മുണ്ഡനം ചെയ്തു നില്‍ക്കുന്ന അമ്മയെ കണ്ട് ഞെട്ടിത്തരിക്കുന്നു. വാ വിട്ട വാക്ക് എവിടെയൊക്കെ ചെന്നു കൊള്ളുമെന്ന്, തിരിച്ചു വന്ന് നമ്മെ കൊത്തുമെന്ന്, ദേഷ്യം വരുമ്പോള്‍ നമ്മള്‍ തീരെ ഓര്‍മ്മിക്കാറില്ലല്ലോ.

ഇത് എഴുത്ത് ഒരുതരം പടപ്പ് ആണ് എന്ന് എനിക്കറിയാം. എന്നാലും ഇവിടെ കിടക്കട്ടെ.     

No comments:

Post a Comment